Wednesday 28 January, 2009

സ്ഥായീരാഗം

ഒരു പ്രവാസിയുടെ
ജാഗരൂകതയോടെ
ഞാനെഴുതുന്നു

ഭൂപടത്തില്‍ തേമ്പിപ്പോയ
മഷിപ്പാടുപോലെ എവിടെയൊക്കെയോ
സ്വന്തം അക്ഷാംശമറിയാതെ
ചേക്കേറിയ കൂട്ടുകാര്‍

പിടിച്ചുനിര്‍ത്താന്‍
തുനിഞ്ഞാല്‍
വിരലുകളെ അരിഞ്ഞുകൊണ്ട്
കുതറുന്ന സമയം

ഉള്ളില്‍ കിടന്നു
നെട്ടോട്ടമോടിയിട്ടും
അടയാളപ്പെടാതെ പോകുന്ന നിരാലംബമായി വിതുമ്പുന്ന
വാക്കുകള്‍

പറയാന്‍ കഴിയാതെപോകുന്ന ഒറ്റവാക്കുത്തരങ്ങള്‍
മുളകില്‍ കുളിച്ച്
വെളിച്ചെണ്ണയില്‍
വേവുന്ന ദിവസങ്ങള്‍

അന്വേഷണത്തിന്‍റെ
പടവുകളില്‍
ആലസ്യത്തിന്‍റെ
കുമിളകള്‍

നുരയുന്ന ക്ഷോഭത്തെ
അടക്കുമ്പോള്‍
തികട്ടിവരുന്ന
സ്ഥായീരാഗത്തിലെ ശോകം...

വായ്പാനിലാവ്

കടം മേടിച്ച
വെളിച്ചം കൊണ്ട് നീ ചന്ദ്രിക ചമഞ്ഞല്ലോ
താരവാഗ്വിലാസങ്ങളില്‍
കവി വചനധാരകളില്‍
നിറഞ്ഞുകവിഞ്ഞല്ലോ

കവിതയെക്കുറിച്ച്

കത്തുകള്‍
തേടിവരാത്ത
മേല്‍വിലാസമുള്ളൊരു
വീട്ടിലാണ്
ഇപ്പൊഴെന്‍റെ താമസം

ഓര്‍മ്മകള്‍കൊണ്ട്
പണിത വീട്ടില്‍
വാഗ്മൌനങ്ങളുടെ
സാക്ഷയിട്ടടച്ചതാണ്
എന്‍റെ പ്രവാസം

ഭൂതഭാവികള്‍ക്കിടയില്‍
നിശ്ചലമാക്കപ്പെട്ടൊരു
ചലച്ചിത്രമാണ് ഞാന്‍
പാട്ടിലെപ്പതിരുചേറാന്‍
പാടുന്നില്ല
തനിച്ചിരിക്കാന്‍
സ്വപ്നവാല്‍മീകവും വേണ്ട

തലസ്ഥാനം

ഇന്ത്യയുടെ
വാലായ സ്ഥാനം
തലസ്ഥാനമായതാണ്
തിരുവനന്തപുരം

പഴയ
നാടുവാഴിയുടെ
കളഞ്ഞുപോയ
തുരുമ്പിച്ച വാളാണ്
ഇന്നതിന്‍റെ
വംശാവലിച്ചിഹ്നം.

താരബന്ധങ്ങള്‍

എല്ലാ നക്ഷത്രങ്ങളും
ഉണരും മുമ്പേ
ഉറങ്ങാനുള്ളതൊക്കെ
ഉറങ്ങിത്തീര്‍ത്തു

അവസാന നക്ഷത്രവും
ഉറങ്ങും മുമ്പേ താരബന്ധങ്ങള്‍
വരച്ചുതീര്‍ത്തു

ഞങ്ങളുടെ
രാത്രിവണ്ടി
അവസാനബിന്ദുവിലേയ്ക്ക്
ബലൂണിന്‍റെ
കുത്തിവിട്ട
വായുപോലെ
യാത്ര തുടര്‍ന്നു.

നഷ്ടം

അച്ഛനെവിടെയീ
ഭൂപടത്തില്‍
എന്ന് തിരഞ്ഞു നടന്നു
അമ്മയെവിടെയീ
വീട്ടിലെന്നു
വിളിച്ചു നടന്നു

കുടത്തിനുള്ളില്‍
കുടുങ്ങിപ്പോയ
കടന്നലിനെപ്പോലെ
നഗരം
മുരണ്ടുകൊണ്ടേയിരുന്നു

എനിക്കു നഷ്ടപ്പെട്ട സമാധാനത്തിന്‍റെ
ഭൂമിയാണച്ഛന്‍
എനിക്കു നഷ്ടമായ
വീടാണമ്മ.

കളി

ഹൃദയം വിറ്റവന്‍റെ
വേദന... കൂട്ടുകാര്‍ ആരൊക്കെയോ പിരിഞ്ഞു
നെറുകയിലിപ്പൊഴും
പണ്ടെങ്ങോ തുടങ്ങിയ
മഞ്ഞുവീഴ്ച്ച
തുടരുന്നു ... മറക്കാതിരിക്കാന്‍
ഹൃദയത്തിലുന്നംനോക്കി
അമ്പെയ്ത്താണിപ്പോള്‍
കളി.

ഓര്‍മ്മ

ഓര്‍മ്മിയ്ക്കുകയെന്നാല്‍
അമ്പേല്‍ക്കുകയാണെന്നര്‍ത്ഥം
ഓര്‍മ്മിയ്ക്കാനിഷ്ടപ്പെടുന്നവന്‍
മുറിയാനുമിഷ്ടപ്പെടാതിരിക്കില്ല.

പെന്‍സില്‍

തിന്ന പെന്‍സിലുകള്‍ അകച്ചുവരുകളില്‍
ഊടുപാടെഴുതിത്തുടങ്ങുന്നു
അപ്പോളെനിക്കൊരു
കഥപറയാറാകുന്നു
ഒരു കവിത
തെറ്റിച്ചാടിവരുന്നു
എപ്പോഴാണ് പെന്‍സില്‍തീറ്റ
നിര്‍ത്തിയത്
സ്ളേറ്റെന്നാണുടഞ്ഞുപോയത്?

‘ശ’പിയ്ക്കപ്പെട്ട അക്ഷരം

വാക്കുകള്‍
കണ്ടാലറിയാം
’ശാ’യ്ക്കെന്തോ കുഴപ്പമുണ്ട്

ശാപം
ശകുനപ്പിഴ
ശകുനി
ശനിദശ
ശകാരം
ശല്യം
’ശ’ ശപിയ്ക്കപ്പെട്ട
അക്ഷരം

ഒരുകാലത്ത്

മഴയുടെ ആകാശവും സ്കൂളും
ഒരുമിച്ചുതുറന്ന കാലമാണ് ഉള്ളിലിപ്പൊഴും

മായ്ക്കിലകൊണ്ടൊന്നും
മായ്ക്കാനാവില്ല
ആ ദിവസങ്ങള്‍...
ഒരു കര്‍ക്കടകത്തില്‍
ചോരുന്ന കുടയുടെ
തണുത്ത കൈപ്പിടിയില്‍
കവിളമര്‍ത്തിക്കൊണ്ട്
നടന്ന ആ കാലത്തെ....

വിസ

നിന്‍റെ കണ്ണില്‍
എന്‍റെ
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

ഹൃദയത്തില്‍
എമിഗ്രേഷന്‍
ക്ളിയറന്‍സിന്‍റെ
മുദ്ര.

ദുഃഖം

പരമ്പരയറ്റതിലല്ല
വിഷമം... മെഗാപരമ്പര തീര്‍ന്നതിലാണു ദുഃഖം!
കറന്‍റ് പോയതിലല്ല
വിഷമം... അയലത്ത്
കറന്‍റുണ്ടെങ്കിലാണ് ദുഃഖം!
ഒറ്റയായതിലല്ല
വിഷമം...
അപരര്‍ ഒരുമിയ്ക്കുന്നതിലാണ് ദുഃഖം!

സീരിയല്‍

കേരളത്തിലെ വീടുകള്‍
വൈകീട്ട് ഏഴുമണിമുതല്‍
ഒമ്പതര മണിവരെ ...
പണ്ടൊക്കെ ആളുകളെ പിരിച്ചുവിടാനായിരുന്നു
കണ്ണീര്‍വാതകം ഉപയോഗിച്ചിരുന്നത്
എന്നാലിന്നത്


പട്ടിത്തലയിലെ
ചെള്ളുപോലെ
വീടുകള്‍ക്കുള്ളില്‍
തറച്ചുനില്‍ക്കുന്നു.

ആളൊഴിഞ്ഞ
വഴികളിലൂടെ
ഒറ്റപ്പെട്ട കാലടികള്‍
പതിഞ്ഞിരിക്കുന്നു.. ഇതാ ഇപ്പോള്‍
കര്‍ക്കടക മഴ തോര്‍ന്നതേയുള്ളൂ
കരഞ്ഞുതളര്‍ന്നുപോയ
ആബാലവൃദ്ധം
ജനങ്ങളും
ഹോംവര്‍ക്ക് .... അടുക്കളപ്പണി... കൂലങ്കുഷ ചര്‍ച്ച... എന്നിവയിലേയ്ക്കൊക്കെ
തിരിച്ചുപോകുന്നു

പ്രാര്‍ഥനകള്‍
കനക്കുന്നു
‘ദൈവമേ നാളെ ഏഴുമണിവരെ തള്ളിനീക്കാനുള്ള ഊര്‍ജ്ജം തരേണമേ അള്ളാഹുവേ കൃഷ്ണനേ
കര്‍ത്താവേ’

ദൈവമേ
നമ്മുടെ ജനത്തിന്‍റെ പ്രാര്‍ത്ഥന
കേള്‍ക്കേണമേ ഈ കാത്തിരിപ്പുകളില്‍ നിന്നും വിരഹത്തില്‍ നിന്നും
നീണ്ടുപോകുന്ന
പരസ്യങ്ങളുടെ
ഇടവേളകളില്‍ നിന്നും ഇവരെ കരകയറ്റേണമേ
ഗ്ളോറിയ്ക്കും
മറ്റെല്ലാ ദുഷ്ടകഥാപാത്രങ്ങള്‍ക്കും
നല്ല ബുദ്ധി
തോന്നിയ്ക്കേണമേ.

മോക്ഷം

നിനക്കു മുറിച്ചുവെച്ച
ആപ്പിള്‍
എന്‍റെ മാംസപിണ്ഡമായി
കുടലിനെ മുറിവേല്‍പിച്ച്
കുപ്പിച്ചില്ലിനെപ്പോലെ
ഇഴഞ്ഞിറങ്ങുന്നു

നിന്നെ വശീകരിച്ച
കവിതയാല്‍
നിന്നെ
ആനന്ദിപ്പിക്കാന്‍
കഴിയാതെ
ഞാന്‍ നിന്നു
കിതയ്ക്കുന്നു..
നിന്‍റെ ഓരോ
പരാതിയിലുമുണ്ട്
പ്രണയരഹസ്യത്തിന്‍റെ
താക്കോല്‍;
മോക്ഷത്തിന്‍റെ
വാതില്‍.

സംശയം


എന്‍റെ ഉള്ളില്‍

എന്നെച്ചിതറിച്ചുകൊണ്ട്

വെള്ളച്ചാട്ടത്തിന്‍റെ

പാറയിടുക്ക്

സംശയം

രക്തക്കുഴലുകളിലൂടെ

നുഴഞ്ഞിറങ്ങുന്ന

സൂചിയാണ്

അലിവില്ലാതെ നോവിക്കും

സ്കാനിങ്ങില്‍ കാണും

മുറിച്ചാല്‍ കാണില്ല

പ്രവചിക്കാനുമാവില്ല.


കാലിഡോസ്കോപ്പ് ചിത്രം

നിന്നെ ഞാനാദ്യം

കണ്ടത്

രണ്ടു തൂണുകള്‍ക്കിടെ

അകലെ

ഒരു വരച്ച നിഴലായാണ്

നിന്നോടു ഞാനാദ്യം

വര്‍ത്തമാനം

പറഞ്ഞത്

മനസ്സില്‍ അതുവരെ

പരിചയമില്ലാത്ത

വാക്കുകളെ

ചുട്ടെടുത്താണ്

നിന്നെ ഞാനാദ്യം

തൊട്ടതും

ആദ്യമൊന്നിച്ച്

നടന്നതുമുമ്മവെച്ചതും

ഒന്നാമതായിരുന്നില്ല...

മറിച്ച് മനസ്സിലൊരായിരം വട്ടം

ആവര്‍ത്തിച്ചതിനു

ശേഷമായിരുന്നു.....

ഒരവധിക്കാലത്തിന്

നമ്മള്‍

പിരിഞ്ഞപ്പോള്‍

നീയൊരു കുടുസ്സു

വാതിലിനക്കരെയായിരുന്നു..

രണ്ടഴികള്‍ക്കിടയിലൂടെ

നീട്ടിയ നിന്‍റെ

കൈപ്പത്തിയില്‍

ഉമ്മവെച്ചപ്പോള്‍

എനിക്കുള്ളിലെ ലാവ

തണുത്തുറയുകയായിരുന്നു

അങ്ങനെയാണ്

എനിക്കുള്ളിലൊരു

ഭൂമിയുണ്ടായത്

പിന്നീടാണതില്‍

കരകളും

പക്ഷികളും

ചെടികളും

മരങ്ങളുമുണ്ടായത്

നീണ്ടുനീണ്ടുപോയ

ആ അവധിക്കാലം മുഴുവന്‍

ഞാനെന്‍റെ ഭൂമിയില്‍

അക്ഷാംശവും

രേഖാംശവും

അടയാളപ്പെടുത്തുകയായിരുന്നു

കാറ്റുകൊണ്ടുപോയ

കപ്പലിനു വീണ്ടും

നങ്കൂരമിടുകയായിരുന്നു

ചിതല്‍ തിന്നുപോയ

ഡയറിക്കുറിപ്പുകള്‍

വീണ്ടുമെഴുതുകയായിരുന്നു

വാതിലടഞ്ഞുപോയ

കവിതയെ

തീയില്‍ നിന്നും

വെന്‍റിലേറ്റര്‍ വഴി

പുറത്തെടുക്കുകയായിരുന്നു

വിഴുങ്ങിപ്പോയ

കുപ്പിച്ചില്ലുകള്‍

പുറത്തെടുത്തപ്പോള്‍ കണ്ടു

നിന്‍റെ മനോഹരമായ

കാലിഡോസ്കോപ്പ് ചിത്രം

സുഃഖ പ്രസവം/സിസേറിയന്‍

ചിലപ്പോള്‍
സുഃഖ പ്രസവത്തിന്
പാട്ട് എന്നും

സിസേറിയന്
കവിത
എന്നും പറയുന്നു.