Monday, 21 September, 2009

ഭ്രാന്ത്

പ്രപഞ്ചത്തിന്‍റെ
അതിരുകളായ അതിരുകളെല്ലാം
ഒരുറക്കത്തില്‍ അളന്നെടുക്കുന്ന
സ്വപ്നത്തിലെ ഒരു സഞ്ചാരമായിരുന്നു
ഈ കവിത എനിക്ക്.
മറവിയില്‍ നിന്ന് മറവിയിലേയ്ക്ക്
കള്ളച്ചാട്ടം നടത്തുകയായിരുന്നു
പലപ്പൊഴും മനസ്സ്.
കണ്ണീരും കദനവും
പരാതികളുടെ തോരാമഴയും
നനഞ്ഞ് നനഞ്ഞ്
ഉള്ളിലെ താഴ്വാരത്തിലൊരു
വറ്റാത്ത തടാകമുണ്ട്
അതിന്റെ മറുകരയിലാണ്
നമ്മള്‍ സ്വപ്നനേത്രങ്ങളില്‍
നക്ഷത്രങ്ങളെ
കഴുകിയെടുത്തത്
രണ്ട് മഴവില്ലുകളെ മെടഞ്ഞ്
നിന്റെ മുടിയില്‍ ഞാന്‍ ചൂടിച്ചത്
ഗ്രഹങ്ങള്‍ തമ്മില്‍ വര്‍ത്തമാനം പറയുന്നത്
ഉറുമ്പുകളുടെ വര്‍ത്തമാനം പോലെ
നമ്മളെപ്പൊഴും കേട്ടതുകൊണ്ട്
അവരുമായുള്ള ജുഗല്‍ബന്ദികളില്‍
നമ്മളും സൂക്ഷ്മമായ പാട്ടുകള്‍
പാടിക്കൊണ്ടിരുന്നു
കേട്ടിട്ടുണ്ട് ശുനകന്മാര്‍ക്ക്
ഈ നേര്‍ത്ത ശബ്ദങ്ങള്‍
കേള്‍ക്കാന്‍ കഴിയുമെന്ന്
എന്നാല്‍ ഞാനത് വിശ്വസിക്കുന്നില്ല
അതിനാലാണ് നമ്മള്‍ മാത്രം ചിരിച്ചപ്പോള്‍
അന്യോന്യമല്ലാതെ മറ്റാരോടോ
സംസാരിച്ചപ്പോള്‍
ഇവര്‍ക്കൊക്കെ എന്തിന്‍റെ കേടാണ്
എന്ന ഭാവത്തില്‍ നമ്മുടെ സ്വന്തം ശുനകന്‍ പോലും
കളിയാക്കുന്ന ഭാവത്തില്‍ നോക്കിയത്
ഈ തടാകത്തിന്റെ കരയിലിരുന്നാണ്
നാം നാളെയെക്കണ്ടതും
കഴിഞ്ഞവയെ ഓര്‍ത്തുകൊണ്ട്
നെടുവീര്‍പ്പിട്ടതും
നമുക്കിടയില്‍ കണ്ണുകെട്ടുന്ന
ഇരുട്ടിനെ നീ കത്തിച്ച അടുപ്പില്‍
പൊരിച്ചെടുത്ത് വിശപ്പുമാറ്റിയ
ആ രാത്രികള്‍ മറന്നിട്ടില്ല
ഭ്രാന്തിന്റെ ഉച്ചകോടിയില്‍
സ്നേഹത്തിന്‍റെ കാരഗൃഹത്തില്‍
ഞാന്‍ നിന്നെയും കര്‍ത്താവിനെയും
പിറാക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും
തടവിലിട്ടത് ഇന്നലെയായിരുന്നല്ലോ
ആ ഇന്നലെപോലും എത്രയോ യുഗങ്ങള്‍
മുമ്പായിരുന്നുവെന്ന് ആലോചിക്കുമ്പോള്‍
അത്ഭുതമാണ്
എന്റെ ചര്‍മ്മത്തില്‍
തമോഗര്‍ത്തത്തില്‍ മരിച്ചൊരു
നക്ഷത്രപ്പാടുണ്ട്
ആര്‍ക്കും വേണ്ടാത്ത ഉപഗ്രങ്ങളുടെ
ഉപഗ്രഹങ്ങളെ ദത്തെടുത്തുവളര്‍ത്തിയ
എത്രയോ വാനസംവത്സരങ്ങള്‍
കാറ്റുവീശിപ്പോയല്ലോ
നമ്മുടെ കണ്ണീരുവീണ് കെട്ടുപോയ
നക്ഷത്രങ്ങളെയും നമ്മുടെ വീട്ടില്‍
വേണ്ടത്ര സ്ഥലമുള്ളൊരു കാലത്ത്
കൊണ്ടു വന്ന് വളര്‍ത്തണം
പിന്നെ കൂട്ടുകാരീ
നമ്മുടെ ഹൃദയത്തില്‍
പെറ്റുവളര്‍ത്തിയ ആപ്പിള്‍ മരത്തില്‍ നിറയെ
കയ്പ്പക്കയാണ് വിളയുന്നത്
കയ്പ്പുതിന്നാപ്പിളാണെന്ന് വിചാരിച്ച് വിചാരിച്ച്
മധുരത്തോടുമധുരം
മറവിയോടു മറവി
മറന്നുപോകരുത് ഈ തടാകത്തിനുതീരത്തിരുന്ന്
നമ്മള്‍ നിനച്ച വാക്കുകള്‍
നരച്ച അക്ഷരങ്ങളില്‍
കുറിച്ചിട്ടിട്ടുണ്ടെന്നും
കെട്ടുപോയ പോക്കുവെയിലില്‍
അവസാതുള്ളി വര്‍ണ്ണവും
ചോര്‍ന്നുപോയെന്നും മറന്നുപോകരുത്
എനിക്ക് ഭ്രാന്തുപിടിക്കുന്ന
ഈ ഉച്ചനേരത്ത്
നീ മാത്രമേ എനിക്കുള്ളുവെന്നും
ഞാന്‍ വരുന്നതുവരെ
കോടാനുകോടി നക്ഷത്രങ്ങള്‍ക്കൊപ്പമുള്ള
ഭ്രാന്താശുപത്രിയ്ക്കു പുറത്ത്
നീ കാത്തിരിക്കുമെന്നും എനിക്ക് വാക്കുതരിക
വരുമ്പോള്‍ ഞാന്‍ നിനക്ക്
അര്‍ദ്ധചന്ദ്രനെ കോര്‍ത്തിട്ടൊരു
നെക്ലേസ് കൊണ്ടുത്തരാം
ഭ്രാന്തുകൊണ്ട് എഴുതി നിറച്ച
ഒരു മുറിപ്പുസ്തകം മുഴുവന്‍ തരാം.

No comments: