Wednesday, 18 November, 2009

കൂട്ട് കൂടാരമല്ല

കൂട്ടുകാരാ നിനക്ക്
ഭ്രാന്തുപിടിച്ചെന്ന്
അയലത്തെ സുകുമാരന്‍ പറഞ്ഞപ്പോള്‍
ഞാന്‍ വിശ്വസിച്ചില്ല
പിന്നീടൊരിക്കല്‍ നിനക്ക്
ബാധകേറിയെന്നു പറഞ്ഞപ്പൊഴും
ബോധിച്ചില്ല
ദേശാടനപ്പക്ഷികളുടെ
പര്യടനകാലത്തില്‍ കാലമെത്രയോ കൊഴിഞ്ഞിരിക്കുന്നു
പറക്കദൂരത്തിലെത്രയോ മറന്നിരിക്കുന്നു
ഇന്ന് ആദിയുഗത്തിലെന്നോ തമ്മില്‍ കണ്ടുമറന്ന
നമ്മളുടെ പുനഃസമാഗമമാണിന്ന്
പക്ഷേ കൂട്ടുകാരാ
വെയില്‍ താഴുമീ നേരത്തുപോലും
നിഴലില്ലാത്തവനാണോ നീ
നിനക്കാരായിരുന്നു കൂട്ട്?
കൂട്ട് കൂടാരമല്ല
ഭ്രാന്തും ബാധയുമൊരാശ്രയവുമല്ല

Monday, 21 September, 2009

ഭ്രാന്ത്

പ്രപഞ്ചത്തിന്‍റെ
അതിരുകളായ അതിരുകളെല്ലാം
ഒരുറക്കത്തില്‍ അളന്നെടുക്കുന്ന
സ്വപ്നത്തിലെ ഒരു സഞ്ചാരമായിരുന്നു
ഈ കവിത എനിക്ക്.
മറവിയില്‍ നിന്ന് മറവിയിലേയ്ക്ക്
കള്ളച്ചാട്ടം നടത്തുകയായിരുന്നു
പലപ്പൊഴും മനസ്സ്.
കണ്ണീരും കദനവും
പരാതികളുടെ തോരാമഴയും
നനഞ്ഞ് നനഞ്ഞ്
ഉള്ളിലെ താഴ്വാരത്തിലൊരു
വറ്റാത്ത തടാകമുണ്ട്
അതിന്റെ മറുകരയിലാണ്
നമ്മള്‍ സ്വപ്നനേത്രങ്ങളില്‍
നക്ഷത്രങ്ങളെ
കഴുകിയെടുത്തത്
രണ്ട് മഴവില്ലുകളെ മെടഞ്ഞ്
നിന്റെ മുടിയില്‍ ഞാന്‍ ചൂടിച്ചത്
ഗ്രഹങ്ങള്‍ തമ്മില്‍ വര്‍ത്തമാനം പറയുന്നത്
ഉറുമ്പുകളുടെ വര്‍ത്തമാനം പോലെ
നമ്മളെപ്പൊഴും കേട്ടതുകൊണ്ട്
അവരുമായുള്ള ജുഗല്‍ബന്ദികളില്‍
നമ്മളും സൂക്ഷ്മമായ പാട്ടുകള്‍
പാടിക്കൊണ്ടിരുന്നു
കേട്ടിട്ടുണ്ട് ശുനകന്മാര്‍ക്ക്
ഈ നേര്‍ത്ത ശബ്ദങ്ങള്‍
കേള്‍ക്കാന്‍ കഴിയുമെന്ന്
എന്നാല്‍ ഞാനത് വിശ്വസിക്കുന്നില്ല
അതിനാലാണ് നമ്മള്‍ മാത്രം ചിരിച്ചപ്പോള്‍
അന്യോന്യമല്ലാതെ മറ്റാരോടോ
സംസാരിച്ചപ്പോള്‍
ഇവര്‍ക്കൊക്കെ എന്തിന്‍റെ കേടാണ്
എന്ന ഭാവത്തില്‍ നമ്മുടെ സ്വന്തം ശുനകന്‍ പോലും
കളിയാക്കുന്ന ഭാവത്തില്‍ നോക്കിയത്
ഈ തടാകത്തിന്റെ കരയിലിരുന്നാണ്
നാം നാളെയെക്കണ്ടതും
കഴിഞ്ഞവയെ ഓര്‍ത്തുകൊണ്ട്
നെടുവീര്‍പ്പിട്ടതും
നമുക്കിടയില്‍ കണ്ണുകെട്ടുന്ന
ഇരുട്ടിനെ നീ കത്തിച്ച അടുപ്പില്‍
പൊരിച്ചെടുത്ത് വിശപ്പുമാറ്റിയ
ആ രാത്രികള്‍ മറന്നിട്ടില്ല
ഭ്രാന്തിന്റെ ഉച്ചകോടിയില്‍
സ്നേഹത്തിന്‍റെ കാരഗൃഹത്തില്‍
ഞാന്‍ നിന്നെയും കര്‍ത്താവിനെയും
പിറാക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും
തടവിലിട്ടത് ഇന്നലെയായിരുന്നല്ലോ
ആ ഇന്നലെപോലും എത്രയോ യുഗങ്ങള്‍
മുമ്പായിരുന്നുവെന്ന് ആലോചിക്കുമ്പോള്‍
അത്ഭുതമാണ്
എന്റെ ചര്‍മ്മത്തില്‍
തമോഗര്‍ത്തത്തില്‍ മരിച്ചൊരു
നക്ഷത്രപ്പാടുണ്ട്
ആര്‍ക്കും വേണ്ടാത്ത ഉപഗ്രങ്ങളുടെ
ഉപഗ്രഹങ്ങളെ ദത്തെടുത്തുവളര്‍ത്തിയ
എത്രയോ വാനസംവത്സരങ്ങള്‍
കാറ്റുവീശിപ്പോയല്ലോ
നമ്മുടെ കണ്ണീരുവീണ് കെട്ടുപോയ
നക്ഷത്രങ്ങളെയും നമ്മുടെ വീട്ടില്‍
വേണ്ടത്ര സ്ഥലമുള്ളൊരു കാലത്ത്
കൊണ്ടു വന്ന് വളര്‍ത്തണം
പിന്നെ കൂട്ടുകാരീ
നമ്മുടെ ഹൃദയത്തില്‍
പെറ്റുവളര്‍ത്തിയ ആപ്പിള്‍ മരത്തില്‍ നിറയെ
കയ്പ്പക്കയാണ് വിളയുന്നത്
കയ്പ്പുതിന്നാപ്പിളാണെന്ന് വിചാരിച്ച് വിചാരിച്ച്
മധുരത്തോടുമധുരം
മറവിയോടു മറവി
മറന്നുപോകരുത് ഈ തടാകത്തിനുതീരത്തിരുന്ന്
നമ്മള്‍ നിനച്ച വാക്കുകള്‍
നരച്ച അക്ഷരങ്ങളില്‍
കുറിച്ചിട്ടിട്ടുണ്ടെന്നും
കെട്ടുപോയ പോക്കുവെയിലില്‍
അവസാതുള്ളി വര്‍ണ്ണവും
ചോര്‍ന്നുപോയെന്നും മറന്നുപോകരുത്
എനിക്ക് ഭ്രാന്തുപിടിക്കുന്ന
ഈ ഉച്ചനേരത്ത്
നീ മാത്രമേ എനിക്കുള്ളുവെന്നും
ഞാന്‍ വരുന്നതുവരെ
കോടാനുകോടി നക്ഷത്രങ്ങള്‍ക്കൊപ്പമുള്ള
ഭ്രാന്താശുപത്രിയ്ക്കു പുറത്ത്
നീ കാത്തിരിക്കുമെന്നും എനിക്ക് വാക്കുതരിക
വരുമ്പോള്‍ ഞാന്‍ നിനക്ക്
അര്‍ദ്ധചന്ദ്രനെ കോര്‍ത്തിട്ടൊരു
നെക്ലേസ് കൊണ്ടുത്തരാം
ഭ്രാന്തുകൊണ്ട് എഴുതി നിറച്ച
ഒരു മുറിപ്പുസ്തകം മുഴുവന്‍ തരാം.

Friday, 10 July, 2009

സര്‍ക്കസ്

അനുനിമിഷം സര്‍ക്കസ്
കൂടാരമായിക്കൊണ്ടിരിക്കുന്നൊരു
ജോലിസ്ഥലത്താണ് ഞാന്‍
നാലുപാടുമുള്ള ചില്ലുകള്‍
തന്നത്താനേ നീങ്ങുന്നതും
ഈ ബഹുനില മന്ദിരമൊരു
സര്‍ക്കസ് ടെന്‍റാവുന്നതും ഞാനറിയുന്നുണ്ട്
ഒന്നാം ദിവസം പൊരുത്തപ്പെടാനായില്ല
പിന്നീടാണ് സര്‍ക്കാസ്സെങ്കില്‍ സര്‍ക്കസ്സ്
ആടിക്കളയാം ആട്ടം എന്ന് മനഃപൊരുത്തം വന്നത്
പിന്നെ അതിലെ ഏതിനം വേണമെന്ന മത്സരമായിരുന്നു
ഒരാനയാവാന്‍ നോക്കി മാന്‍ ജിറാഫ്
പുലി സിംഹം മയില്‍ മുയലുവരെ ശ്രമിച്ചു
ശേഷം ട്രപ്പീസിനും മരണക്കിണറിനും നോക്കി
കിട്ടിയില്ല......കിട്ടിയില്ല
ഇന്നുള്ളത് കോമാളിയുടെ ചായം പൂശിയ ഉടലാണ്
ഇന്ന് സര്‍ക്കസ്സ് അരങ്ങേറ്റമാണ്
എന്റെ കൂട്ടത്തിന്റെ ആട്ടത്തിനായി
ഒരു കോമാളിയുടെ ആകാംക്ഷയുമായി കാത്തിരുന്നു
തുടക്കം മുതല്‍ ഒടുക്കം വരെ ആടു മുയല്‍ മയില്‍
കോഴി ഒട്ടകം പുലി ബൈക്ക്....
ഒന്നുമൊന്നും വന്നില്ല....
കോമാളികള്‍ കോമാളികള്‍ കോമാളികള്‍ മാത്രം
കാണികളായിക്കൂടിയതും കോമാളികളാണല്ലോ
എന്നാലോചിച്ചപ്പൊഴാണ് ഒരു സംശയം
അപ്പൊ ഞാനെന്തിന് കോമാളിയായാടി എന്ന്,
ഞാനുമെന്തേ കാണികളില്‍ കൂടിയില്ല എന്ന്.

Friday, 26 June, 2009

പാലം

കറുപ്പിനും
വെളുപ്പിനുമിടയിലെ
പാലമായിരുന്നതുകൊണ്ട്
നീ കറുപ്പും
വെളുപ്പും അല്ലാതായി

Thursday, 25 June, 2009

ഒറ്റവാക്ക്

ഒരിക്കല്‍ നീയെനിക്കാരാണ്
എന്നെനിക്ക് കൃത്യമായി
അറിയില്ലായിരുന്നു.... ഒരിക്കല്‍ നീയെന്നെ
കുറച്ചുദിവസത്തേയ്ക്ക്
ഉപേക്ഷിച്ചപ്പൊഴാണ്
എനിക്ക് മനസ്സിലായത്
എന്‍റെ നിഘണ്ടുവില്‍ നിന്നും
ഒരു വാക്ക്
നഷ്ടപ്പെട്ടിരിക്കുന്നു എന്ന്
അത് നീയായിരുന്നു
ആ നിഘണ്ടുവിലെ
ഒരേയൊരു വാക്കും
നീ മാത്രമായിരുന്നു.

മൈക്കല്‍ ജാക്സണ്‍

പ്രിയപ്പെട്ടവനേ
നിന്നെ വേണ്ടുവോളം
കാണുകയും
കേള്‍ക്കുകയും
അറിയുകയും
ചെയ്തിരുന്നതുകൊണ്ട്
നിന്‍റെ മരണദിനത്തിലിരുന്ന്
നിന്നെ ഓര്‍ക്കുന്നതില്‍
എനിക്ക് പശ്ചാത്താപവും
നാണക്കേടും തോന്നുന്നില്ല

നീ ചന്ദ്രനിലൂടെ നടക്കുകയും
ശൂന്യഗുരുത്വാകര്‍ഷണത്തില്‍
എന്നിലേക്ക് ചായുകയും ചെയ്തു
നിന്‍റെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുമാറിയ
മുഖത്തായിരുന്നില്ല
എന്‍റെ കണ്ണ്;
നിന്‍റെ ജനതകളെ ഇളക്കിമറിക്കുന്ന
ശബ്ദത്തിലായിരുന്നു
എന്‍റെ കാത്...
നിന്‍റെ പോസ്റ്ററുകളും
കാസറ്റുകളും കോണ്ടു നിറഞ്ഞ
കൊച്ചച്ഛന്‍റെ മുറിയില്‍
ഇപ്പോഴും നിന്‍റെ ശബ്ദം
അലയടിക്കുന്നത്
എനിക്ക് കേള്‍ക്കാം
ആ മുറിയിലെ നിന്‍റെ
ഓരോ സാന്നിദ്ധ്യത്തിലും
എന്‍റെ ബന്ധുവിലാരോ നീയെന്ന്
ഉറപ്പിക്കുന്ന എത്രയൊക്കെയോ
ഒപ്പുകളുണ്ടായിരുന്നു...
ഇപ്പോഴും എനിക്കറിയില്ല
നീയാരാണ് എന്ന്
അതിനെന്ത് പക്ഷേ നീ
ഉള്ളില്‍ പാടുന്നുണ്ടല്ലോ
റോക്കായാലും ക്ലേയായാലും

Monday, 22 June, 2009

'പൊലംകെട്ട കാലത്ത് '

എന്റെ കുട്ടിക്കാലത്ത്
വാക്യരൂപീകരണത്തില്‍
'പൊലംകെട്ട' കാലത്ത്
'അമ്മ തിന്നുതരണം'എന്ന്
ഊട്ടുസമയത്ത് ഞാന്‍
പറഞ്ഞതിനെക്കുറിച്ചോര്‍ത്ത്
ഇന്ന് ഗൃഹാതുരനാകുമ്പോള്‍ (ച്ചാല്‍ കരവിട്ടുപോയവന്റെ കടല്‍ച്ചൊരുക്ക് എന്ന്)
എനിക്കുതോന്നുന്നത്
ഈ ത്വര നീളുമൊരു തിരയാണെന്നാണ്
നാളെയിലേക്കുള്ളൊരു
കൈചൂണ്ടിയാണെന്നാണ്...
എന്തുകൊണ്ടോ വിശ്വസിക്കേണ്ടിവരുന്നു
എനിക്ക് വിശക്കുമ്പോള്‍
നാളെ എനിക്കുവേണ്ടി
തിന്നുതരാന്‍ ഞാന്‍ ആരെയോ
വാടകയ്ക്ക് എടുക്കേണ്ടിയിരിക്കുന്നു എന്ന്
നിന്റെ മേല്‍വിലാസത്തിനുപോലും
പകരക്കാരനാരോ വരുന്നുവെന്ന്
ഇന്ന് നീയണിഞ്ഞിരിക്കുന്ന
പത്താം നമ്പര്‍ കുപ്പായമുണ്ടല്ലോ
നാളെ അത് ഒന്നാം നമ്പര്‍ ആകുമെന്നും
കളിയറിയാത്തവന്‍ ഗോളിയാകുന്ന നാട്ടുനടപ്പ്
സത്യമാകുമെന്നും....
അങ്ങനെയങ്ങനെ
എന്തുപറയാന്‍!
കാത്തിരുന്ന് കാണുകതന്നെ